നവകേരള സൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത വിപുലമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് സാധാരണക്കാരായ ജനങ്ങളുടെയും തൊഴിലാളി വിഭാഗങ്ങളുടെയും സംരക്ഷണം. ആ ലക്ഷ്യത്തിലേക്കുള്ള കര്‍മപദ്ധതിയുടെ തുടര്‍പരിപാടികളാണ് കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം അംഗീകരിച്ചത്. സംസ്ഥാനത്തെ ഏതാണ്ട് എല്ലാ ജനവിഭാഗങ്ങളുടെയും വിവിധ ആനുകൂല്യങ്ങളുടെ വര്‍ധനയും സമയബന്ധിതമായ വിതരണവും ഉറപ്പാക്കുന്ന പ്രവര്ത്തനപദ്ധതിയാണു തുടര്‍ന്ന് മുഖ്യമന്ത്രി അവതരിപ്പിച്ചത്.
ക്ഷേമപെന്ഷന് 2,000 രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1,000 രൂപ പെന്ഷന് ഏര്‍പ്പെടുത്തി. തൊഴിലന്വേഷിക്കുന്ന യുവാക്കള്‍ക്ക് പ്രതിമാസം 1,000 രൂപ സ്കോളര്‍ഷിപ്പ് അനുവദിച്ചു. ഇത് രണ്ടും കേരളത്തിനു പുതുമയാര്‍ന്ന പദ്ധതികളാണ്. ആശ, അങ്കണവാടി, പ്രീപ്രൈമറി, സ്കൂള്‍ പാചകത്തൊഴിലാളികള്‍, സാക്ഷരതാ പ്രേരക്മാര്‍, ഗസ്റ്റ് ലക്ചറര്മാര് ഉള്‍പ്പെടെയുള്ളവര്‍ക്ക് വേതനവര്‍ധന നടപ്പിലാക്കി. കുടുംബശ്രീ എഡിഎസുകള്‍ക്കുള്ള പ്രവര്‍ത്തന ഗ്രാന്റ് വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡിഎ/ഡിആര്‍ കൂടി അനുവദിച്ചു. സംസ്ഥാന ജീവനക്കാരുടെ 11-ാം ശമ്പളപരിഷ്കരണ കുടിശികയുടെ മൂന്നും നാലും ഗഡുക്കള്‍ അനുവദിക്കാനും തീരുമാനിച്ചു. റബറിന്റെ താങ്ങുവില 200 രൂപയായി ഉയര്‍ത്തി. ഈ സര്‍ക്കാരിന്റെ കാലത്ത് റബര്‍ സബ്സിഡിയില്‍ 50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. നെല്ലിന്റെ താങ്ങുവില 30 രൂപയായി ഉയര്‍ത്തി. കേന്ദ്രം നിശ്ചയിച്ചിരിക്കുന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന തുകയാണ് സംസ്ഥാനം നല്‍കുന്നത്.
കുടിശികരഹിതമായി ആനുകൂല്യങ്ങള്‍
കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ നിലനില്‍ക്കുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരം കാണുകയാണ്. ക്ഷേമനിധി അംഗങ്ങള്‍ക്ക് കൊടുക്കാനുള്ള ആയിരം കോടിയോളം രൂപയുടെ കുടിശിക കൊടുത്തുതീര്‍ക്കാനുള്ള പ്രവര്‍ത്തനപദ്ധതിയും പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കുടിശികരഹിതമായി തന്നെ നല്‍കുകയാണ്. അങ്കണവാടി ജീവനക്കാരുടെ ക്ഷേമനിധി പെന്ഷന് കുടിശിക, പട്ടികവിഭാഗ, മത്സ്യത്തൊഴിലാളി വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പുകള്‍, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള തണല്‍ പദ്ധതി, ഖാദി തൊഴിലാളികളുടെ പൂരക വരുമാന പദ്ധതി, വിവിധ വിഭാഗങ്ങളിലെ മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായങ്ങള്‍, മലബാര്‍ ദേവസ്വത്തിനു കീഴിലുള്ള ആചാര്യ സ്ഥാനീയര്‍, കോലധാരികള്‍ തുടങ്ങിയവര്‍ക്കുള്ള ധനസഹായം എന്നിവയെല്ലാം സമയബന്ധിതമായിത്തന്നെ തീര്‍ക്കുകയാണ്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ആരോഗ്യകിരണം, ശ്രുതിതരംഗം പദ്ധതികള്‍ക്കുള്ള തുകകളും പൂര്‍ണമായും നല്കുന്നു. മരുന്ന് വിതരണം, വിലക്കയറ്റ വിരുദ്ധ നടപടികള്‍, നെല്ല് സംഭരണം, റേഷന്‍ വിതരണം, മരാമത്ത് പ്രവൃത്തികള്‍ തുടങ്ങിയവയ്ക്കെല്ലാം മതിയായ സാമ്പത്തിക വകയിരുത്തല്‍ ഉറപ്പാക്കുകയാണ്. ആയിരം കോടി രൂപ അടങ്കലില്‍ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പുരോഗമിക്കുകയാണ്. ഒരുമാസത്തിനുള്ളില്‍തന്നെ ഏതാണ്ട് 4,200ല്‍പ്പരം ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണവും നവീകരണവും പൂര്‍ത്തീകരിക്കുകയാണ്.
അവശ ജനവിഭാഗങ്ങള്‍ക്ക് സഹായകമായ വയോമിത്രം, സ്നേഹപൂര്‍വം, ആശ്വാസകിരണം, സ്നേഹസ്പര്‍ശം, മിഠായി തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കുള്ള ധനസഹായങ്ങളും സമയബന്ധിതമായി തീര്‍ക്കുകയാണ്.
പ്രവാസികള്‍, ഖാദി തൊഴിലാളികള്‍, കരകൗശല തൊഴിലാളികള്‍ ഈറ്റ-മുള തൊഴിലാളികള്‍, മരം കയറുന്നവര്‍, തോട്ടം തൊഴിലാളികള്‍, വൃദ്ധസദനത്തിലുള്ള കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള ആനുകൂല്യങ്ങളും ഉറപ്പാക്കുന്നു. പരമ്പരാഗത തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സുരഭി, ഹാന്‍വീവ്, ഹാന്‍ടെക്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാവശ്യമായ സാമ്പത്തിക പിന്തുണയും ഉറപ്പാക്കുകയാണ്. ഇതൊക്കെയാണ് ഈ സര്‍ക്കാരിന്റെ മുന്‍ഗണനകള്‍.
വാഗ്ദാനങ്ങൾ പൂര്‍ത്തീകരിക്കപ്പെടുന്നു
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഓരോന്നായി പൂര്‍ത്തീകരിക്കപ്പെടുകയാണ്. കേരളത്തിലെ ഒരു സാധാരണ കുടുംബത്തിലെ മൂന്ന് തലമുറയില്‍പ്പെട്ട ആളുകളിലേക്കും സര്‍ക്കാരിന്റെ ക്ഷേമാശ്വാസം നേരിട്ടെത്തുകയാണ്. മുത്തശനും മുത്തശിക്കും 2,000 രൂപ ക്ഷേമപെന്ഷന്, അമ്മയ്ക്ക് 1,000 രൂപ സ്ത്രീസുരക്ഷാ പെന്ഷന്, മക്കള്‍ക്ക് 1,000 രൂപ വീതം സ്കോളര്‍ഷിപ് സഹായം ഉള്‍പ്പെടെ ആറായിരമോ ഏഴായിരമോ രൂപവരെ ഒരു വീട്ടിലേക്ക് എത്തുകയാണ്. ഇതിനുപുറമേയാണ് സര്‍ക്കാരിന്റെ വിപുലമായ വിപണി ഇടപെടലിന്റെ ഭാഗമായ വിലക്കുറവിന്റെ നേട്ടവും കുടുംബ ബജറ്റിലേക്ക് എത്തുന്നത്. ഇത്രയും വിപുലവും ബൃഹത്തുമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ മറ്റൊരു സംസ്ഥാനത്തുമില്ല. ഏതാണ്ട് 62 ലക്ഷത്തോളം ആളുകള്‍ക്ക് പ്രതിമാസം 2,000 രൂപ ക്ഷേമപെന്ഷന് നല്‍കുന്നതിനായി പ്രതിവര്‍ഷം വേണ്ടിവരുന്നത് 13,000 കോടിയോളം രൂപയാണ്.
രണ്ടാം പിണറായി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോഴേക്കും അഞ്ചുവര്‍ഷംകൊണ്ട് ജനങ്ങള്‍ക്ക് നല്കിയ പെന്ഷന് തുക 50,000 കോടി രൂപ കടക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മാത്രം ഈ വര്‍ഷം അധികമായി വേണ്ടിവരുന്നത് പതിനായിരം കോടി രൂപയാണ്. സ്ത്രീസുരക്ഷാ പെന്ഷന് പദ്ധതിയ്ക്ക് 3,800 കോടി രൂപയും സാമൂഹ്യസുരക്ഷാ പെന്ഷന് വര്‍ധനയ്ക്ക് 2,800 കോടി രൂപയും യുവതലമുറയ്ക്ക് കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പിന് 600 കോടി രൂപയും ഉള്‍പ്പെടെയാണിത്.
ഈ ചെലവുകള്‍ നിര്‍വഹിക്കാനുള്ള പണം സര്‍ക്കാര്‍ എങ്ങനെ കണ്ടെത്തുമെന്നാണ് പ്രതിപക്ഷം ഉള്‍പ്പെടെയുള്ള ചിലരുടെ സംശയം. ചില മാധ്യമങ്ങളും ഈ സംശയം ഉയര്‍ത്തിയിട്ടുണ്ട്. എല്ലാവരോടും ഒന്നുമാത്രമേ പറയാനുള്ളൂ. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ചെയ്യാന്‍ കഴിയുന്നത് മാത്രമേ പറയാറുള്ളൂ. പറയുന്നതെല്ലാം ചെയ്യുകയും ചെയ്യും. ഇടക്കാല ബജറ്റിലല്ല ഇപ്പോഴത്തെ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുള്ളത്. ഒരു സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോളം കാലം അവശേഷിക്കെ ഇക്കാലയളവിനുള്ളില്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള പദ്ധതികളാണ് പറഞ്ഞിട്ടുള്ളത്. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ കാലത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഓരോ വര്‍ഷവും അഭിമാനപൂര്‍വം ജനങ്ങളുടെ മുന്നില്‍ സമര്‍പ്പിച്ചിരുന്നു.
വികസനത്തിനും ക്ഷേമത്തിനും മുന്‍ഗണന
ഈ സര്‍ക്കാരിന്റെ ഒന്നാമത്തെയും പ്രധാനപ്പെട്ടതുമായ മുന്‍ഗണന വികസനവും ക്ഷേമവുമാണ്. ഇടതുസര്‍ക്കാര്‍ പാവങ്ങളുടെ സര്‍ക്കാരാണ്.പണിയെടുക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്ന മനുഷ്യര്‍ക്കുവേണ്ടിയുള്ള രാഷ്ട്രീയമാണ് ഇടതുപക്ഷം. ആ ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ഏറ്റവും വലിയ ബദലാണ് കേരളത്തിലെ വിപുലമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍. അഞ്ചുലക്ഷം പാവപ്പെട്ട മനുഷ്യര്‍ക്ക് വീടുകള്‍ വച്ചുനല്കിയും, സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യചികിത്സ നല്‍കിയും നാം മുന്നോട്ടുപോകുകയാണ്. 2025 നവംബര്‍ 1ന് കേരളത്തിലെ 64,006 അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യാവസ്ഥയില്‍നിന്ന് മോചിപ്പിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി നിയമസഭയില്‍ നടത്തുകയാണ്. ഇതെല്ലാം ചരിത്രമാണ്.
വികസനരംഗത്ത് കേരളം കുതിക്കുകയാണ്. വിഴിഞ്ഞം തുറമുഖവും പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്ന തെക്ക്-വടക്ക് ദേശീയപാതയും കേരളത്തെ വൈജ്ഞാനിക സമ്പദ്വ്യവസ്ഥയിലേക്കു കൈപിടിച്ചുനടത്തുന്ന ഐടി/ഐടി അധിഷ്ഠിത വ്യവസായങ്ങളുടെ ശക്തിപ്പെടലും നാടിന്റെ ഭാവിയെ മാറ്റിമറിക്കാനുതകുന്നതാണ്. വാട്ടര്‍ മെട്രോയും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും ഐടി ഇടനാഴികളും നാടിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമായവയാണ്. നാടിന്റെ ഭാവി മുന്‍നിര്‍ത്തിയുള്ള നിരവധി നിക്ഷേപങ്ങളും അടിസ്ഥാനസൗകര്യവികസനവും നാം സാധ്യമാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കിഫ്ബിയ്ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതും സര്‍ക്കാരാണ്.